ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ ചിറക്കല്‍ താലൂക്കില്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നത്തെ മുഴപ്പിലങ്ങാട് പഞ്ചായത്ത്. 1956-ല്‍ കേരളപിറവിക്ക് മുമ്പ് ഇത് മുഴപ്പിലങ്ങാട്, മാമ്മാക്കുന്ന്, എടക്കാടങ്ങാടി എന്നീ മൂന്ന് ദേശങ്ങള്‍ ഉള്‍പ്പെടുന്ന മുഴപ്പിലങ്ങാട് അംശം ആയിരുന്നു. പഴയ ഫ്യൂഡല്‍ ജന്മിത്ത വ്യവസ്ഥിതി നിലനിന്നകാലത്ത് ഇവിടുത്തെ ഭൂസ്വത്ത് ചിറക്കല്‍, അറക്കല്‍ രാജവംശങ്ങളുടെയും ഊര്പ്പഴച്ചി ദേവസ്വത്തിന്റെയും വകയായിരുന്നു. അറക്കല്‍ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ഭൂമിയുടെ ജന്മം ചില കേയിമാരുടെ കൈവശമായിരുന്നു. ശ്രീ കൂറുമ്പക്കാവ് ഭഗവതിക്ഷേത്രം, ഗണപതിക്ഷേത്രങ്ങള്‍, മുത്തപ്പന് മടപ്പുരകള്‍ എന്നിവ ഇവിടെയുള്ള ചിരപുരാതനങ്ങളായ ഹൈന്ദവാരാധനാലയങ്ങളാണ്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഈ രണ്ട് ആരാധനാലയങ്ങളും തകര്ക്കപ്പെട്ടതാണെന്ന് പഴമക്കാര്‍ പറയുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കമ്പട്ടി മരങ്ങളുടെ ശാഖകള്‍ വെട്ടിയെടുത്ത് ശ്രീകൂര്മ്പാകാവ് മറച്ചിട്ടാണ് ആ ക്ഷേത്രത്തെ ആക്രമണത്തില്‍നിന്ന് സംരക്ഷിച്ചതെന്നും ഒരൈതീഹ്യം ഇവിടെ പ്രചാരത്തിലുണ്ട്. മുസ്ളീം പള്ളികളില്‍ ഏറ്റവും പഴക്കമുള്ളത് പാച്ചാക്കരയിലുള്ള ജുമാ അത്ത് പള്ളിയാണ്. സീതിന്റെ പള്ളി, മുല്ലപ്രം പള്ളി, മമ്മാക്കുന്ന് പള്ളി എന്നിവയും പഴക്കമേറിയവയാണ്. ശ്രീ നാരായണഗുരു രണ്ടു തവണയായി മുഴപ്പിലങ്ങാട് സന്ദര്ശിച്ചിട്ടുള്ളതിന് ചരിത്രസ്മാരകങ്ങളുണ്ട്. ഗുരുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇവിടെ രണ്ട് മഠങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ആദ്യം സ്ഥാപിക്കപ്പെട്ടത് വിദ്യാവിലാസം മഠമാണ്. തുടര്‍ന്ന് ഗുരുഭൂതത്താന് കുന്നിന്മുകളില് ഭക്തവിലാസം മഠം സ്ഥാപിക്കുകയും ചെയ്തു. നാട്ടുചികിത്സാരംഗത്ത് പഴയകാലത്തെ പ്രശസ്തനായിരുന്നു പാറവൈദ്യര് എന്ന കാമ്പില്‍ രാമന് വൈദ്യരും, കാടാച്ചിറ കണ്ണന് വൈദ്യരും. ആദ്യകാലത്ത് ഗുരുകുല സമ്പ്രദായമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ശ്രീ പൊക്കന്‍ ഗുരുക്കള്‍ സ്ഥാപിച്ച എഴുത്തുപള്ളിക്കൂടമാണ് ആദ്യത്തെ വിദ്യാലയം. പിന്നീടത് മുഴപ്പിലങ്ങാട് ഈസ്റ്റ് എലിമെന്ററി സ്ക്കൂള് ആയി രൂപാന്തരപ്പെട്ടു. 1957-ന് ശേഷമാണ് ഇന്നത്തെ രീതിയിലുള്ള വിദ്യാഭ്യാസസമ്പ്രദായം നിലവില്‍ വരുന്നത്. 1940 കാലഘട്ടത്തിലാണ് ഇവിടെ ആദ്യത്തെ പോസ്റ്റ്ഓഫീസ് നിലവില്‍ വന്നത്. തപാല്‍ ഉരിപ്പടികള്‍ കൊണ്ടുവരുന്നതിന് അക്കാലത്ത് കുതിരവണ്ടികള്‍ ഉപയോഗിച്ചിരുന്നു. പോലീസ് സേനയുടെ സേവനത്തിനായി ആദ്യകാലത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നു. പില്ക്കാലത്ത് പോലീസ് സേനയുടെ പുന:സംഘടനയോടെ എടക്കാട് പോലീസ് സ്റ്റേഷന് മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ സ്ഥാപിതമായി. 1935-36 കാലത്ത് കണ്ണന് വയല്‍ പ്രദേശത്ത് സ്ഥാപിക്കപ്പെട്ട എ.ചന്തു മൂത്ത ചെട്ട്യാര് സ്മാരക വായനശാലയാണ് മുഴപ്പിലങ്ങാട്ടെ ആദ്യത്തെ വായനശാല. കെ.ടി.ചന്തു നമ്പ്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒരു ചടങ്ങില്‍ വെച്ച് എ.കെ.ജി.യായിരുന്നു ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. 1947-48 കാലത്ത് മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീ.മഹാദേവ ദേശായിയുടെ സ്മരണക്കായി കുളം ബസാറില്‍ സ്ഥാപിക്കപ്പെട്ട വായനശാലയാണ് ഇന്നത്തെ സാംസ്കാരിക നിലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മഹാദേവ ദേശായി സ്മാരക വയാനശാല ആന്റ് ഗ്രന്ഥാലയം. കുറത്തിയാട്ടം, ഓട്ടംതുള്ളല്‍ തുടങ്ങിയ കലാപരിപാടികള്‍ മലബാര്‍ രാമന് നായര്‍, കോമന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയിരുന്നു. അനുഷ്ഠാന കലകളായ കോതമൂരി, ആടി, വേടന്, കാലന്, കേളീപാത്രം, തച്ചുഴിയന്, കണ്ണേറുദോഷം മാറ്റല്‍ എന്നിവയും ഇവിടെ നടന്നിരുന്നു. ഇന്ന് ഇവയെല്ലാം ചരിത്രാവശിഷ്ടങ്ങളായി മാറിയിരിക്കുന്നു. കോല്‍ക്കളി, പൂരക്കളി തുടങ്ങിയ നാടന്‍കലാരൂപങ്ങളും വ്യാപകമായുണ്ടായിരുന്നു. സമീപപ്രദേശങ്ങളായ മേലൂരും ധര്‍മ്മടവും ആയി ബന്ധപ്പെടുവാന്‍ മൂന്ന് കടത്തുകള്‍ നിലവിലുണ്ടായിരുന്നു. 1930-ല്‍ മൊയ്തുപാലം പണിതതോടെയാണ് ദേശീയപാതയിലൂടെ തലശേരിയുമായി റോഡ് ഗതാഗതം സാധ്യമാവുന്നത്. ആദ്യത്തെ ബസ് സര്‍വീസ് ഇതിലൂടെ നടത്തിയത് ബ്രിട്ടീഷ്മാഹി ബസ് സര്‍വീസ് എന്ന കമ്പനിയായിരുന്നു. പെട്രോള്‍ വാഹനമായിരുന്നു ഇത്. 1958-ല്‍ നിര്‍മ്മിച്ച കുളംകടവ് റോഡാണ് പഞ്ചായത്ത് നിര്‍മ്മിച്ച ആദ്യത്തെ റോഡ്. 1901-ല്‍ ആയിരുന്നു പഞ്ചായത്ത് പ്രദേശത്തുകൂടി ആദ്യമായി തീവണ്ടി കടന്നുപോയത്. മമ്മാക്കുന്ന്കടവ്, മുഴപ്പിലങ്ങാട്കടവ് എന്നീ രണ്ട് കടത്തുകളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 1955 കാലഘട്ടത്തില്‍ അഞ്ചരക്കണ്ടി പുഴയിലൂടെ കൂടക്കടവ് മുതല്‍ മുമ്പറം വരെ ബോട്ട് സര്‍വീസ് നടത്തിയിരുന്നു. പറശ്ശിനിക്കടവിലെ പന്ന്യന്‍കണ്ടി ബോട്ടു സര്‍വീസ’ ആയിരുന്നു ഇത് നടത്തിയത്. വളരെ കുറഞ്ഞ കാലത്തേക്കുമാത്രമായിരുന്നു ഇത് നിലനിന്നിരുന്നത്. 1987-ല്‍ സ്ഥാപിതമായ ഫിഷറീസ് ഡിസ്പെന്‍സറിയാണ് ഇവിടെ സ്ഥാപിക്കപ്പെട്ട ഏക ആശുപത്രി.